സിംഗിള്‍ ബീം എക്കോ സൗണ്ടര്‍
ജലാശയങ്ങളുടെ ആഴം കൃത്യമായി അളക്കുന്നതിനുള്ള അടിസ്ഥാന ഉപകരണമാണ് എക്കോസൗണ്ടര്‍. നദികള്‍, തടാകങ്ങള്‍, ചെറു തുറമുഖങ്ങള്‍, ജല മാര്‍ഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബാത്തിമെട്രിക് സര്‍വേകള്‍ നടത്തുന്നതിനായി ഇത് ഉപയോഗിക്കുന്നു. കുറഞ്ഞ ആഴമുള്ള പ്രദേശങ്ങളിലും ചെലവ് കുറഞ്ഞ രീതിയില്‍ കൃത്യമായ ഡാറ്റ ലഭ്യമാക്കാന്‍ ഈ ഉപകരണം സഹായിക്കുന്നു.
സൈഡ് സ്‌കാന്‍ സോണാര്‍
സൈഡ് സ്‌കാന്‍ സോണാര്‍ ജലാശയങ്ങളുടെ അടിത്തട്ടിന്റെയും ഘടകങ്ങളുടെയും ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനായി ഉപയോഗിക്കുന്ന അത്യാധുനിക അക്വസ്റ്റിക് സര്‍വേ സംവിധാനമാണ്. ശബ്ദതരംഗങ്ങള്‍ ഇരുവശങ്ങളിലേക്കും പ്രക്ഷേപണം ചെയ്ത് പ്രതിഫലിക്കുന്ന തരംഗങ്ങളുടെ തീവ്രത രേഖപ്പെടുത്തുന്നതിനിലൂടെ അടിത്തട്ടിന്റെ ഘടന, ജലത്തിനടിയിലെ തടസ്സങ്ങള്‍, കടല്‍ത്തട്ടിലെ കപ്പല്‍ അവശിഷ്ടങ്ങള്‍, പൈപ്പ്ലൈന്‍, കേബിളുകള്‍ എന്നിവ കൃത്യമായി തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു.നാവിഗേഷന്‍ സുരക്ഷ, തുറമുഖ-ഹാര്‍ബര്‍ വികസനം, ഡ്രഡ്ജിംഗ് പരിശോധന, തീരദേശവും ഓഫ്ഷോര്‍ എഞ്ചിനീയറിംഗ് പദ്ധതികളും ഉള്‍പ്പെടെയുള്ള ഹൈഡ്രോഗ്രാഫിക് സര്‍വേ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
അണ്ടര്‍വാട്ടര്‍ ക്യാമറ
ഹൈഡ്രോഗ്രാഫിക് സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന അണ്ടര്‍വാട്ടര്‍ ക്യാമറ ജലത്തിനടിയിലെ അവസ്ഥകള്‍ ദൃശ്യരൂപത്തില്‍ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രത്യേക ഉപകരണമാണ്. എക്കോ സൗണ്ടര്‍ പോലുള്ള ശബ്ദാധിഷ്ഠിത സര്‍വേ ഉപകരണങ്ങളോടൊപ്പം ഉപയോഗിക്കുമ്പോള്‍ കടല്‍ത്തട്ടിന്റെ സ്വഭാവം, ജലത്തിനടിയിലുള്ള ഘടനകള്‍, മുങ്ങിയ വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള തത്സമയ ദൃശ്യ വിവരങ്ങള്‍ ലഭ്യമാക്കുന്നു.
ഇത് തുറമുഖങ്ങള്‍, ജെട്ടികള്‍, പാലങ്ങളുടെ അടിത്തറകള്‍, ഡ്രെഡ്ജിംഗ് ശേഷമുള്ള പരിശോധനകള്‍, നാവിഗേഷന്‍ സുരക്ഷാ വിലയിരുത്തല്‍ എന്നിവയില്‍ വ്യാപകമായി ഉപയോഗിക്കുന്നു
സൗണ്ട് വെലോസിറ്റി പ്രൊഫൈലര്‍
ജലാശയങ്ങളിലെ വിവിധ ആഴങ്ങളിലൂടെയുള്ള ശബ്ദവേഗത്തിലെ വ്യതിയാനങ്ങള്‍ കൃത്യമായി അളക്കുന്നതിനുള്ള സമുദ്രശാസ്ത്ര ഉപകരണമാണ് സൗണ്ട് വെലോസിറ്റി പ്രൊഫൈലര്‍. ജലത്തിലെ താപനില, ലവണത, മര്‍ദ്ദം എന്നിവയെ അടിസ്ഥാനമാക്കി ശബ്ദവേഗം നിര്‍ണയിക്കുന്ന ഈ ഉപകരണം ഹൈഡ്രോഗ്രാഫിക് സര്‍വേകളില്‍ അത്യന്തം നിര്‍ണായകമാണ്.
വേവ് റെക്കോര്‍ഡര്‍
ജലാശയങ്ങളിലെ തരംഗങ്ങളുടെ ഉയരം, കാലയളവ്, ആവൃത്തി തുടങ്ങിയ സവിശേഷതകള്‍ കൃത്യമായി അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ഉപയോഗിക്കുന്ന സമുദ്രശാസ്ത്ര ഉപകരണമാണ്വേവ് റെക്കോര്‍ഡര്‍. ദൃഢമായ ഘടനയുള്ള ഈ ഉപകരണം തീരദേശ, സമുദ്ര, നദി, തടാക മേഖലകളില്‍ വിശ്വസനീയമായി പ്രവര്‍ത്തിക്കാന്‍ അനുയോജ്യമാണ്. തുറമുഖ വികസനം, തീരസംരക്ഷണം, ഡ്രഡ്ജിംഗ് പഠനങ്ങള്‍, പരിസ്ഥിതി പഠനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ തരംഗ ഡാറ്റ ശേഖരിക്കുന്നതിനായി ഇത് ഉപയോഗിക്കുന്നു.
സര്‍വേ ബോട്ടുകള്‍
ഹൈഡ്രോഗ്രാഫിക് സര്‍വേ ഉപകരണങ്ങള്‍ ഘടിപ്പിച്ച പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സര്‍വേ ബോട്ടുകള്‍ ഉപയോഗിച്ച് കടല്‍,നദികള്‍, തടാകങ്ങള്‍, തുറമുഖങ്ങള്‍, തീരപ്രദേശങ്ങള്‍, സമുദ്രപരിധികള്‍ എന്നിവിടങ്ങളില്‍ സര്‍വേകള്‍ നടത്തുന്നു. സാധാരണ ബോട്ടുകള്‍ക്ക് പ്രവേശനം പ്രയാസമുള്ള പ്രദേശങ്ങളിലും സര്‍വേ നടത്താന്‍ ചെറിയ ഡിങ്കികള്‍ ഉപയോഗിക്കുന്നു.




