സര്‍വേ സജ്ജീകരണങ്ങളും പ്രവര്‍ത്തന ക്രമവും

ജല പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചും ഉയര്‍ന്ന കൃത്യതയോടെയും നടപ്പിലാക്കുന്നതിനായി ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം സര്‍വസജ്ജമാണ്. സമുദ്ര സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ജലയാനങ്ങളും, ഉള്‍നാടന്‍ ജലാശയങ്ങളിലെ ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ക്കായി 4 ശീതീകരിച്ച ബോട്ടുകളും, ആഴം കുറഞ്ഞ ജലാശയങ്ങളിലെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി 8 ഡിങ്കികളും ഇന്‍ഫ്‌ലേറ്റബിള്‍ ബോട്ടുകളും, കൂടാതെ ഒരു മൊബൈല്‍ സര്‍വേ യൂണിറ്റും ഉള്‍പ്പെടുത്തി സര്‍വ്വേ വിഭാഗം സാങ്കേതികമായി സജ്ജീകരിച്ചിരിക്കുന്നു.

പരിശീലനം ലഭിച്ച പരിചയസമ്പന്നരായ സാങ്കേതിക ഉദ്യോഗസ്ഥരുടെയും അത്യാധുനിക ഹൈഡ്രോഗ്രാഫിക് സര്‍വേ ഉപകരണങ്ങളുടെയും (ബാത്തിമെട്രിക് ഡാറ്റ ശേഖരണം, കൃത്യമായ സ്ഥാനനിര്‍ണ്ണയ സംവിധാനങ്ങള്‍, ജിയോ-റഫറന്‍സ്ഡ് ഡാറ്റ അക്ക്വിസിഷന്‍ എന്നിവ ഉള്‍പ്പെടെ) സഹായത്തോടെ, നദികള്‍, തടാകങ്ങള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍, തീരപ്രദേശങ്ങള്‍, സമുദ്രപരിധികള്‍ എന്നിവിടങ്ങളിലായി വിവിധ ഹൈഡ്രോഗ്രാഫിക് സാഹചര്യങ്ങള്‍ക്കനുസൃതമായി കൃത്യവും വിശ്വസനീയവുമായ സര്‍വേ ഡാറ്റ ശേഖരണവും വിശകലനവും നടത്തുന്നതിനാവശ്യമായ സമഗ്ര സാങ്കേതിക സൗകര്യങ്ങള്‍ വിഭാഗത്തിനുണ്ട്.

സര്‍വേ സംഘങ്ങള്‍ക്കും സര്‍വേ ബോട്ടുകള്‍ക്കും ആവശ്യമായ എല്ലാ സാങ്കേതിക സജ്ജീകരണങ്ങളും ബന്ധപ്പെട്ട ഉപ ഓഫീസുകള്‍ ‍വഴിയാണ് ഒരുക്കുന്നത്. ചീഫ് ഹൈഡ്രോഗ്രാഫറുടെ നിര്‍ദ്ദേശം ലഭിക്കുന്നതോടെ, ബന്ധപ്പെട്ട ഓഫീസുകളിലെ മറൈന്‍ സര്‍വേയര്‍ / അസിസ്റ്റന്റ് മറൈന്‍ സര്‍വേയര്‍എന്നിവരുടെ നേതൃത്വത്തില്‍ സര്‍വേ സംഘം ജല പര്യവേഷണം ആരംഭിക്കുന്നു.

സര്‍വേ സമയത്ത് ഹൈഡ്രോഗ്രാഫിക്, ബാത്തിമെട്രിക്, ടൈഡല്‍, കറന്റ് തുടങ്ങിയ ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കുകയും, തുടര്‍ന്ന് ഡാറ്റയുടെ

വിശകലനം (Analysis), പ്രോസസ്സിംഗ് (Processing) എന്നിവ പൂര്‍ത്തിയാക്കി ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിലേക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു.

ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തില്‍ ലഭിക്കുന്ന സര്‍വേ ഡാറ്റഅസിസ്റ്റന്റ് മറൈന്‍ സര്‍വേയര്‍, അസിസ്റ്റന്റ് കാര്‍ട്ടോഗ്രാഫര്‍, ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍എന്നിവരുടെ നേതൃത്വത്തില്‍ സൂക്ഷ്മമായ സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാക്കുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതായി ഉറപ്പാക്കിയ ശേഷം ചീഫ് ഹൈഡ്രോഗ്രാഫര്‍ ഡാറ്റയും റിപ്പോര്‍ട്ടുകളും അംഗീകരിച്ച് പ്രസിദ്ധീകരിക്കുകയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും കൈമാറുകയും ചെയ്യുന്നു.

ഈ ക്രമബദ്ധമായ പ്രവര്‍ത്തനരീതിയിലൂടെ കൃത്യതയുള്ള സര്‍വേ ഡാറ്റ, ഉയര്‍ന്ന നിലവാരത്തിലുള്ള മാപ്പുകള്‍, വിശ്വാസയോഗ്യമായ സാങ്കേതിക റിപ്പോര്‍ട്ടുകള്‍ എന്നിവ ഉറപ്പാക്കപ്പെടുന്നു.